അക്ഷരക്കടലും ,തീസിസ് ഉരുവും , പിന്നെ സ്‌കോളറുടെ ആലയും
പുസ്തകത്താളിൽ ഒന്ന് ചെവിചേർത്ത് വെക്കു ...വാക്കുകൾ ഇരമ്പുന്നുണ്ട് കടൽത്തിരകൾ പോലെ ! താളുകൾക്കപ്പുറം ആഴമേറിയ ഒരാഴിയുണ്ട് , വാക്കും പൊരുളും കലങ്ങി മറിഞ്ഞ കരിങ്കടൽ ... അപ്പോൾ നാവികരോ ?
! മാർക്കോ പോളോയോ കൊളമ്പസോ ഉണ്ട്അല്ല,ഗവേമഗല്ലനോഷകർ അവർ അക്ഷയാക്ഷര സമുദ്രത്തിൽ ദ്വീപുകൾ തേടുന്നവർ നാടിനെ വീടിനെ വിട്ടു പുസ്തകത്തോണിയിൽq പുറപ്പെട്ടവർ വായിച്ചു പഴകിയ താളുകളിൽ നവമേഖലകളുടെ അക്ഷ രേഖാ അംശങ്ങൾ കണ്ടവർ അത് ചെറു കടലാസ്സിൽ കുറിച്ചിട്ടു
സർവകലാശാലയുടെ അകത്തളങ്ങളിൽ അവർ വാക്കുകളെ അടിച്ചുപരത്തും. ആത്മ സമർപ്പണത്തിന്റെ ഉലയടുപ്പിൽ പഴയവാക്കിന്റെ തുരുമ്പിച്ച കഷണങ്ങൾ പതുക്കെ ഉരുകി പുതിയ ആശയങ്ങൾ ഉരുവം കൊള്ളും , മൂത്താശാരി (Supervisor) തട്ടിയും ഒടിച്ചും നോക്കും .ചിലർ തോളത്തു തട്ടി പ്രശംസിക്കും ,മറ്റുചിലർ പെരുംതച്ചനെ വെന്ന പുച്ഛം നടിക്കും വളഞ്ഞാൽ പിന്നെയും ഉലയുടെ ചൂടിലേക്കും മരത്തിന്റെ പൊടിയിലേക്കും മടക്കം , പണിശാല (Library,Reading Room,Hostel)യിൽ എവിടെയാണുറക്കം ? HOD മാർ മട്ടുപ്പാവിൽ നിന്നെത്തി നോക്കും . പെരുമ്പറകൾ മുഴങ്ങുമ്പോൾ മാത്രം അവർ കപ്പൽ പണിക്കാരോടും നാവികരോടും സംസാരിക്കും
പിന്നെ ചിലർ രാത്രികളിൽ ഒറ്റയാൾ കുട്ടവഞ്ചിയിൽ ആകാശം കാണാനിറങ്ങും .വായിക്കാനുള്ള താളുകൾ വവ്വാലുകളെ പോലെ അപ്പോഴും ഒച്ചയുണ്ടാക്കും എന്നാലും ഹെഡ് ഫോണിന്റെ പ്ലാസ്റ്റിക് പടലവും ചൂടി തണുത്ത രാത്രി നീന്തി നടക്കും. ചിലർ വീടിന്റെ പച്ചപ്പും തണലും തേടി പോവുന്ന വീടുനോക്കി യന്ത്രങ്ങളാവും .
ഒരു ചെറുതോണിയെങ്കിലും പണിയണം ഒരുചെറുവലയെങ്കിലും നെയ്യണം (Methodology ) കൊണ്ട് മത്സ്യബന്ധനം ചെയ്യണം ചെറുവള്ളങ്ങൾ വേറെയും പണിയണം (Short Papers ). കടലപ്പോഴും ഇരമ്പിക്കയറും ,കാറ്റ് വീശിയടിക്കും ആഗ്രഹങ്ങൾ ഒലിച്ചുപോവും സ്വപ്നക്കടലാസ്സുകൾ ഉപ്പുവെള്ളത്തിൽ നനഞ്ഞുപോവും .
ഇങ്ങനെയൊക്കെയാണെങ്കിലും അവർ ചിലപ്പോൾ കണ്ടുമുട്ടാറുണ്ട് . തുറമുഖങ്ങളിൽ തോണിയിലിരുന്നു കുശലം പറയാറുണ്ട് പരസ്പരം കടലിലെ വേലിയേറ്റങ്ങളെ കുറിച്ച് ആകുലപ്പെടാറുണ്ട് വഴിവിവരം പങ്കുവയ്ക്കാറുണ്ട് .സ്നേഹവും കരുതലും ചിരിയായും ഭക്ഷണപ്പൊതി കളായും പങ്കുവയ്ക്കും .തണുത്ത രാത്രിയുടെ ഇരുട്ടിലും കപ്പൽ വിളക്കകൾ തമ്മിൽ മിന്നിമിണ്ടാറുണ്ട് ...
(ഒരു പുസ്തകത്താളിൽ കേട്ട കഥ )

Comments
Post a Comment